Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



നെടുമ്പറത്ത് അബു

 

# കുഞ്ഞാണി ഹാജി

 
 


ഞാനും അബുവും തുടക്കം മുതലേ സുഹൃത്തുക്കളായിരുന്നു. കോയണ്ണി മുസ്ലിയാരുടെ പള്ളിദര്‍സില്‍ നിന്നാണ് ബന്ധം തുടങ്ങുന്നത്. ഞാനും അബ്ദുപ്പുവും അവിടെ നേരത്തെ ഉള്ളവരാണ്. കോയണ്ണി മുസ്ലിയാരും കുടുംബവും ശാന്തപുരം കോളേജിന്റെ പഴയ ഭക്ഷണശാല നില്‍ക്കുന്ന കെട്ടിടത്തിലായിരുന്നു താമസം (അത് ഞങ്ങളുടെ തറവാടായിരുന്നു). അവിടേക്കാണ് പത്തിനു താഴെ പ്രായമുള്ള അബു വരുന്നത്. നെടുമ്പുറത്ത് അബു എന്നാണ് അന്ന് വിളിച്ചിരുന്നത്. യഥാര്‍ഥത്തില്‍ കാരാട്ടുതൊടിക്കാരാണെങ്കിലും അതുവെച്ച് അറിയപ്പെടാന്‍ തുടങ്ങിയത് പില്‍ക്കാലത്താണ്. കോയണ്ണി മുസ്ലിയാരുടെ ചെറിയ പെണ്‍കുട്ടിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചെറുതായ അബുവിനെയാണ് ഏല്‍പിക്കുക. അപ്പോള്‍ കുട്ടികളൊക്കെ അദ്ദേഹത്തെ കളിയാക്കുമായിരുന്നു, കുട്ടിയെ അബുവിന് നിശ്ചയിച്ചതാണെന്നൊക്കെ. സംഭവിച്ചതും അതു തന്നെ. ആ കുട്ടിയെ തന്നെയാണ് അബു കെട്ടിയതും. കോയണ്ണി മുസ്ലിയാരുടെ കുട്ടിയെ ചൊല്ലി കളിയാക്കിയപ്പോള്‍ എന്റെ അടുക്കല്‍ വന്നാണ് അബു പരാതി പറഞ്ഞിരുന്നത്. അപ്പോള്‍ സീനിയറായ ഞാന്‍ കുട്ടികളെ ചോദ്യം ചെയ്ത് അബുവിനെ സമാധാനിപ്പിക്കും. ഇടക്കൊക്കെ കുട്ടികളെ തല്ലുകയും ചെയ്യും.
ഇസ്സുദ്ദീന്‍ മൌലവി ഇവിടെ പ്രസംഗിച്ചപ്പോള്‍ 'ഞാന്‍ മുത്തഖിയായി ജീവിക്കും' എന്ന പ്രതിജ്ഞ ചെയ്തവരുടെ കൂട്ടത്തില്‍ കോയണ്ണി മുസ്ല്യാരും ഉണ്ടായിരുന്നു. പിന്നീട് സമ്മര്‍ദങ്ങളെ തുടര്‍ന്ന് മുള്ള്യാകുര്‍ശിയില്‍ നിന്ന് പട്ടിക്കാട്ടേക്ക് പോയി. ജമാഅത്തിനോടുള്ള അനുകൂല ഭാവം മാറി. പിന്നീട് വേങ്ങരയിലേക്ക് പോയി. സമസ്തയുടെ ചില വലിയ പദവികളിലൊക്കെയുണ്ടായിരുന്നു അദ്ദേഹം എന്നാണ് ഓര്‍മ.
കെ.ടി ജമാഅത്തില്‍ സജീവമായതോടെ കോയണ്ണി മുസ്ലിയാര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായി, പട്ടിക്കാട്ട് നിന്ന് പറഞ്ഞയക്കാനും മകളെ ത്വലാഖ് ചൊല്ലിക്കാനുമൊക്കെ. സമ്മര്‍ദങ്ങളെ തുടര്‍ന്നു കെ.ടിയുടെ ഭാര്യക്കും പിതാവിന്റെ കൂടെ തന്നെ നില്‍ക്കേണ്ടിവന്നു. കെ.ടിക്ക് ത്വലാഖ് ചൊല്ലേണ്ടി വന്നു. ഞാനന്ന് ഒരുപാട് ശ്രമിച്ചിട്ടുണ്ട്. അവസാനം ഞങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു. പില്‍ക്കാലത്ത് കോയണ്ണി മുസ്ലിയാരുടെ മകള്‍ പുനര്‍വിവാഹം ചെയ്ത് വിവാഹമോചിതയായതിനെ തുടര്‍ന്ന് ഞാന്‍ വീണ്ടും സമീപിച്ചിരുന്നു. അന്നും അദ്ദേഹം തന്റെ നിസ്സഹായത വെളിപ്പെടുത്തി. നാട്ടുകാര്‍ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന പേടി. അന്നുവരെ കെ.ടി വിവാഹം കഴിച്ചിട്ടില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് വിവാഹം കഴിച്ചു.
ആദര്‍ശ ധീരനായ കലാപകാരി
കെ.ടി പട്ടിക്കാട്ട് അധികം താമസിച്ചിരുന്നില്ല, പ്രസ്ഥാനത്തില്‍ സജീവമായിരുന്ന കാലത്ത് തെക്കന്‍ ഭാഗങ്ങളിലായിരുന്നു കാര്യമായ വ്യവഹാരങ്ങളൊക്കെ. പിന്നീട് ഗള്‍ഫ് ജീവിതമൊക്കെ കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ വിശ്രമിക്കാനായിരുന്നു തീരുമാനം. അപ്പോള്‍ ഞാന്‍ ചോദിച്ചു. 'അല്ല, വിശ്രമം ഇസ്ലാമില്‍ ഉണ്ടോ. ശരിയാണോ താങ്കള്‍ ചെയ്യുന്നത്?' എന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാമെന്നായി. അങ്ങനെയാണ് ശാന്തപുരത്തെ മഹല്ല് കമ്മിറ്റി ഏറ്റെടുക്കാനും സകാത്ത് വ്യവസ്ഥാപിതമാക്കാനുമുള്ള തീരുമാനമുണ്ടാകുന്നത്. അത് തൊണ്ണൂറുകളിലായിരുന്നു. അങ്ങനെ മഹല്ലിലെ നാല് പള്ളികളിലും സകാത്തിനെ സംബന്ധിച്ച ഖുത്വ്ബകള്‍ നടത്തി. ഒരു വര്‍ഷത്തെ ഉദ്യമത്തിനു ശേഷം അദ്ദേഹം പറഞ്ഞു; ഞാന്‍ നാട്ടുകാരെ ബോധവാന്മാരാക്കിയിട്ടുണ്ട്. ഇനി നടപ്പാക്കാന്‍ സാധിക്കുമെങ്കില്‍ നടപ്പാക്കുവിന്‍. ആദ്യവര്‍ഷം ഏതാണ്ട് ഒരു ലക്ഷം രൂപ കിട്ടി. ഇപ്പോ ഏതാണ്ട് 10 ലക്ഷത്തോളം രൂപ സകാത്ത് സെല്ലില്‍ വരുന്നുണ്ട്. ഇവിടത്തെ സകാത്ത് വ്യവസ്ഥയുടെ ക്രെഡിറ്റ് കെ.ടിക്ക് തന്നെയെന്നു പറയാം. സകാത്ത് സെല്ലിനെ സംബന്ധിച്ച് അന്നത്തെ ഖാദി എ.കെ അബ്ദുല്‍ ഖാദിര്‍ മൌലവിക്കും പ്രതീക്ഷയില്ലാഞ്ഞിട്ടും സധൈര്യം ഏറ്റെടുത്ത കെ.ടി അതിന് നല്ല അടിത്തറ പാകുകയായിരുന്നു. അമീര്‍ മാത്രമേ തനിക്കു മുകളില്‍ ഇക്കാര്യത്തില്‍ അധികാരം എടുക്കാവൂ എന്ന നിബന്ധനയോടെയാണ് 'ധിക്കാരിയായ' കെ.ടി ഈ ഉദ്യമം ഏറ്റെടുത്ത് നടപ്പിലാക്കിയത്.
കഷ്ടപ്പെട്ടു എന്നു പറയാവുന്ന വിധം ലളിത ജീവിതമാണ് കെ.ടി പണ്ടു നയിച്ചിരുന്നത്. കുടുംബത്തില്‍ 5 ആണുങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാളുടെ മകളുടെ വിവാഹം നിശ്ചയിച്ചു. സാമ്പത്തികമായി വളരെ കഷ്ടപ്പാടാണ്. ആരെയും അറിയിക്കേണ്ട എന്നു തീരുമാനിച്ചു. നാട്ടിലൊക്കെ ഒന്നറിയിച്ചാല്‍ തന്നെ നല്ല സഹായം കിട്ടുമായിരുന്നിട്ടും വേണ്ടെന്നു വെച്ചു. പകരം ആ അഞ്ചു വീട്ടുകാര്‍ അന്നന്നു വെക്കുന്ന അരി കൊണ്ടുവന്നു സദ്യയുണ്ടാക്കി, പുറത്തു നിന്ന് അധികം ആളുകളെ വിളിക്കാതെ ലളിതമായി ചടങ്ങു നടത്തി.
പുരോഗമനപരമായ അഭിപ്രായങ്ങളും കെ.ടിക്കുണ്ടായിരുന്നു. ഉദ്ഹിയത്തുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. നാലെണ്ണത്തില്‍ തുടങ്ങി നൂറുവരെ എണ്ണം ഇവിടെ അറുത്തിരുന്നു. അന്നദ്ദേഹം എന്നോടു പറഞ്ഞു: 'ഇങ്ങനെ മൃഗങ്ങളെയൊക്കെ നശിപ്പിച്ചു കളയേണ്ടതില്ല. ഏഴാള്‍ ചേര്‍ന്നാല്‍ ഒരു ഉരുവിനെ അറുക്കാമല്ലോ. ഇന്ന് എല്ലാവീടുകളിലും ധാരാളം മാംസം കേടുവന്നു പോവുകയാണ്. എല്ലായിടത്തും ലഭ്യമായതുകൊണ്ട് കൊടുത്തു തീര്‍ക്കാനും പറ്റില്ല.' അന്ന് എനിക്ക് തോന്നി ഇയാള്‍ ഉള്ളതൊക്കെ ഇല്ലാതാക്കുമല്ലോ റബ്ബേ എന്ന്. പിന്നെ രാത്രി ചിന്തിച്ചപ്പോഴാണ് മനസ്സിലായത് സംഗതി ശരിയാണല്ലോ എന്ന്. സുഊദിയില്‍ പോലും ബലിമാസം സംസ്കരിച്ച് പട്ടിണി രാജ്യങ്ങളിലേക്ക് കൊടുത്തയക്കുന്നത് ഏറെ വൈകിയാണ് തുടങ്ങിയത്.
പ്രബോധനത്തിന്റെയും ഉല്‍ബോധനത്തിന്റെയും ശൈലിയിലെ അവധാനതയാണ് കെ.ടിയുടെ നിലപാട്. എടുത്തുചാട്ടം വളരെ കുറവായിരുന്നു. നിലപാടുകളും ചെയ്തികളും പ്രസ്ഥാനത്തിന് വരുത്തുന്ന ഗുണവും ദോഷവും നോക്കിയാണ് കെ.ടി തീരുമാനമെടുത്തിരുന്നത്.
തയാറാക്കിയത്: മുഹ്സിന്‍ പരാരി

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly